ജാംനഗറിൽ നടന്ന വിവാഹ പൂർവ ആഘോഷ വേളയിൽ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ആനന്ദ് അംബാനി വൈകാരികമായത്. കുട്ടിക്കാലത്തെ ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് പറഞ്ഞു തുടങ്ങിയ ആനന്ദ് അംബാനി മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയെ കുറിച്ച് വാചാലനായത്.
ആനന്ദ് അംബാനി- രാധിക മെർച്ചന്റ് വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീവെഡ്ഡിങ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത് ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്ക്, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ത്താനി, ഓസ്ട്രേലിയ, കാനഡ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ, വ്യവസായ പ്രമുഖരായ ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുന്ദര്‍ പിച്ചെ, ഗൗതം അദാനി തുടങ്ങിയവരാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, ദീപിക പദുകോൺ കൂടാതെ സൗത്ത് ഇന്ത്യൻ താരങ്ങളായ രജനികാന്ത്, റാം ചരൺ തുടങ്ങി സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് ചടങ്ങിൽ സംബന്ധിച്ചത്
വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങിലെ ആനന്ദ് അംബാനിയുടെ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മകന്റെ പ്രസംഗം കേട്ട് നിറകണ്ണുകളോടെ സദസ്സിലിരിക്കുന്ന മുകേഷ് അംബാനിയേയും വീഡിയോയിൽ കാണാം. കുട്ടിക്കാലത്തെ ശാരീരിക പ്രശ്നങ്ങളേക്കുറിച്ച് പറഞ്ഞു തുടങ്ങിയ ആനന്ദ് അംബാനി മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയായിരുന്നു തനിക്ക് ശക്തി പകർന്നതെന്ന് പങ്കുവെച്ചു. ജീവിതത്തിൽ പലകാര്യങ്ങളും അത്ര എളുപ്പമായിരുന്നില്ലെന്നും അംബാനി പറഞ്ഞു. പ്രതിസന്ധികൾ നിറഞ്ഞ കുട്ടിക്കാലത്ത് താങ്ങും തണലുമായി ആ യാത്രയിലുടനീളം തന്റെ കുടുംബത്തിന്റെ പിന്തുണ കൂടെയുണ്ടായിരുന്നുവെന്നും ആനന്ദ് പറയുന്നു. ബാല്യകാല സഖിയായ രാധികയെ കൂടെ നിർത്തിയായിരുന്നു ആനന്ദ് മനസ്സ് തുറന്നത് . രാധികയെ വധുവായി ലഭിക്കുന്ന താൻ ഭാഗ്യവാനാണെന്നും ആനന്ദ് പറഞ്ഞു.