മൂന്ന് പതിറ്റാണ്ടായി മഹാനഗരവുമായി ബന്ധമുണ്ടെന്നും ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച നഗരമാണ് മുംബൈയെന്നും ആശാ ശരത് ഓർത്തെടുക്കുന്നു. മുംബൈയിൽ മുളുണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ സോസൈറ്റിയുടെ രജത ജൂബിലി ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു നടിയും നർത്തകിയുമായ ആശ ശരത്
താനും ഒരു പ്രവാസിയാണെന്നും ദുബായ് പോലെ തനിക്കിപ്പോൾ ഏറെ പ്രിയപ്പെട്ടതാണ് മുംബൈ നഗരമെന്നും ആശ ശരത് മനസ്സ് തുറന്നു.
മുപ്പത് വർഷത്തെ ബന്ധമാണ് തനിക്ക് മുംബൈ നഗരവുമായിട്ടുള്ളതെന്നും നാസിക്കിലുള്ള ഭർത്താവിന്റെ വീട്ടിൽ പോകുവാൻ മാത്രമാണ് ഈ വഴി പോയിരുന്നതെന്നും ആശ പറഞ്ഞു. വല്ലപ്പോഴുമാണ് മുംബൈയിൽ കറങ്ങി ഷോപ്പിംഗ് നടത്തിയിരുന്നതെന്നും ആശ ശരത് പറയുന്നു.
“എന്നാൽ ഇപ്പോൾ അങ്ങിനെയല്ല. എന്റെ ജീവൻ തുടിക്കുന്നത് മുംബൈയിലാണ്” ആശയുടെ വാക്കുകൾ കരഘോഷത്തോടെയാണ് നിറഞ്ഞ സദസ്സ് ഏറ്റെടുത്തത്
“എന്റെ മകൾ ഉത്തര വിവാഹിതയായ ശേഷം ജീവിക്കുന്നത് മുംബൈയിലാണ്. ദുബായ് പോലെ കേരളം പോലെ എനിക്ക് പ്രിയപ്പെട്ടതായി മാറി മുംബൈയും”. ആശ ശരത് പറയുന്നു .
മുംബൈയിൽ വരുവാനുള്ള അവസരങ്ങളൊന്നും താനിപ്പോൾ പാഴാക്കാറില്ലെന്നും മുംബൈയിൽ ഒരു പ്രോഗ്രാം ഉണ്ടെന്നറിഞ്ഞാൽ ഓടിയെത്താൻ ഇഷ്ടമാണെന്നും ആശ വ്യക്തമാക്കി, കുടുംബത്തോടൊപ്പം ചിലവിടാൻ കിട്ടുന്ന സമയങ്ങൾ തനിക്ക് ഏറെ വിലപ്പെട്ടതാണെന്നും നടി കൂട്ടിച്ചേർത്തു