മുംബൈയിൽ ഗോരഗാവിലുള്ള ദിന്തോഷിയിൽ വർഷങ്ങളായി ആരോരും തുണയില്ലാതെ കഴിയുന്ന മലയാളി സ്ത്രീക്ക് സഹായ വാഗ്ദാനവുമായി മഹാരാഷ്ട്ര പ്രവാസി കേരള മഞ്ച് ഭാരവാഹികൾ. സംഘടനയുടെ ചെയർമാൻ UN ഗോപിനായർ, ജെ.സെക്രട്ടറി സുരേഷ് ബദ്‌ലാപ്പൂർ, വൈ പ്രസിഡെൻ്റ് ശ്രീനിവാസ് ഉണ്ണി, നിരണം കരുണാകരൻ യോഗേശ്വരി മലയാളി സമാജം ഭാരവാഹികളായ രാമചന്ദ്രൻ നായർ, ബെന്നി തോമസ് തുടങ്ങിയരാണ് സ്ഥലത്തെത്തി ഇവരുടെ ദുരിതാവസ്ഥ നേരിട്ട് മനസിലാക്കി കിടപ്പാടം പണിത് കൊടുക്കുവാൻ തീരുമാനിച്ചത്.
പ്രായമായതോടെ പണിക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയിൽ പരസഹായം കൊണ്ടാണ് ഇപ്പോഴത്തെ ജീവിതം. അറുപത്തി മൂന്നാം വയസ്സിലും ഒറ്റയ്ക്കാണ് ജീവിതം. ഗോരേഗാവ് ഈസ്റ്റിൽ ഡിണ്ടോ ഷീയിലെ പുറമ്പോക്ക് സ്ഥലത്ത് നാല് കമ്പ് വെച്ചുകെട്ടി പ്ലാസ്റ്റിക് കൊണ്ട് മറച്ച സ്ഥലത്താണ് അന്തിയുറങ്ങുന്നത്. കടുത്ത ചൂടിലും മഴക്കാലത്തും ദുരിതമാണ് ഇവരുടെ ജീവിതമെന്നാണ് സ്ഥലം സന്ദർശിച്ച മലയാളികളായ സാമൂഹിക പ്രവർത്തകർ പറയുന്നത്.
മുപ്പത്തി അഞ്ചാം വയസ്സിൽ ഗൾഫ് മോഹവുമായി മുംബൈയിലെത്തിയ അടൂർ സ്വദേശിയായ ഇവർ ചതിക്കുഴിയിൽ പെടുകയായിരുന്നു. ഏജന്റിന് കൊടുത്ത 50000 രൂപയും പാസ്സ്പോർട്ടും നഷ്ടമായി.മലയാളി ഏജന്റ് അടക്കമുള്ളവർ ഭാഷ പോലും അറിയാത്ത നഗരത്തിൽ തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും മാനം പോലും കവർന്നെടുത്താണ് ഇവർ തന്നെ അഴുക്കു ചാലിലേക്ക് തള്ളിയിട്ടതെന്നും ഇവർ പരാതിപ്പെടുന്നു.
നിലവിൽ ഒരു പുറമ്പോക്ക് സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് മറച്ചു കെട്ടിയ കൂരയിലാണ് ഇവർ താമസിക്കുന്നത്.
ഈ സ്ഥലത്തൊരു വീട് വയ്ക്കാൻ സർക്കാർ അധികൃതർക്ക് നൽകിയ അപേക്ഷക്ക് അനുകൂലമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്നാണ് ഇവർ പറയുന്നത്. ചെറിയൊരു വീട് പണിയാൻ സുമനസുകളുടെ സഹായം തേടുകയാണ് ഈ മലയാളി സ്ത്രീ
താല്ക്കാലികമായി ഒരു ചെറിയ വീടു വക്കുവാനുള്ള സഹായം നൽകുവാനാണ് മഹാരാഷ്ട്ര പ്രവാസി കേരള മഞ്ച് ഭാരവാഹികളുടെ തീരുമാനം.