മുംബൈയിലെ ജ്വല്ലറി വ്യവസായ രംഗത്തുണ്ടായിരുന്ന വി ജി നായർ 2021 ഒക്ടോബറിലാണ് അറസ്റ്റിലാകുന്നത്. മുംബൈയിൽ മുളുണ്ട് കൂടാതെ ഡോംബിവ്‌ലി, കല്യാൺ എന്നിവടങ്ങളിൽ ഷോറൂമുകളുള്ള വിജിഎൻ ജ്വല്ലേഴ്സ് ഉടമസ്ഥൻ വിജി നായർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന നിക്ഷേപകരുടെ ആരോപണത്തെ തുടർന്നായിരുന്നു നടപടി.
കല്യാൺ നിവാസി ശാലിനി പാട്ടീൽ നൽകിയ പരാതിയിലായിരുന്നു സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വി ജി നായരെ കസ്റ്റഡിയിലെടുത്തത്.
പ്രായാധിക്യവും അനാരോഗ്യവും അലട്ടുന്ന എൺപത് പിന്നിട്ട വി ജി നായരുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നിലവിലെ അവസ്ഥയിൽ നായർ ജയിലിൽ തുടർന്നത് കൊണ്ട് നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള സാദ്ധ്യതകൾ കുറവാണ്.
അനാരോഗ്യം അലട്ടുന്ന വി ജി നായർ ജയിലിൽ കിടന്ന് മരിക്കാൻ ഇട നൽകാതെ നിക്ഷേപകർ മുൻകൈ എടുത്ത് പ്രായോഗികമായ നടപടികൾ കൈക്കൊള്ളണമെന്ന നിർദ്ദേശങ്ങളാണ് സ്ഥാപനത്തിന്റെ ഗുണഭോക്താക്കളായ പലരും മുന്നോട്ട് വയ്ക്കുന്നത് .
വി ജി നായരെ ജയിലിൽ നിന്ന് ആശുപത്രിയിലേക്കോ വീട്ടു തടങ്കലിലേക്കോ മാറ്റുവാനുള്ള നടപടികൾക്ക് വി ജി എൻ ഗ്രൂപ്പിന്റെ ഗുണഭോക്താക്കളായിരുന്ന വ്യക്തികളും സംഘടനകളും ഇടപെടണമെന്ന ആവശ്യം ഉയരുന്നതിന് പിന്നാലെ നിരവധി പേരാണ് ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
2021 ഡിസംബറിന് മുൻപ് നിക്ഷേപകരുടെ പണം ഗഡുക്കളായി തിരികെ കൊടുക്കാമെന്നായിരുന്നു ജ്വല്ലറി ഉടമ നൽകിയിരുന്ന വാഗ്ദാനം. വലിയൊരു വിഭാഗം സ്ത്രീകൾ അടങ്ങുന്ന ആയിരക്കണക്കിന് നിക്ഷേപകരാണ് തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവൻ സ്ഥാപനത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. നാലു പതിറ്റാണ്ടായി സ്വർണാഭരണ വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന വി ജി നായർ ഈ മേഖലയിൽ നേടിയെടുത്ത വിശ്വാസ്യതയാണ് ദിവസക്കൂലിക്കാർ അടങ്ങുന്ന നിക്ഷേപകരെ ആകർഷിച്ച പ്രധാന ഘടകം.
എന്നാൽ ഏതൊരു ബിസിനസ് സ്ഥാപനത്തിനും സംഭവിക്കാവുന്ന സാമ്പത്തിക വീഴ്ചയാണ് വി ജി എൻ ജ്വല്ലറിക്കും സംഭവിച്ചതെന്നും എൺപതു പിന്നിട്ട വി ജി നായർ ജയിലിൽ കിടന്നതു കൊണ്ട് നിക്ഷേപകർക്ക് നഷ്ടമായ പണം തിരികെ കിട്ടാൻ പോകുന്നില്ലെന്നുമാണ് പലരും ഇപ്പോൾ അഭിപ്രായപ്പെടുന്നത്. നിയമപരമായ പോരാട്ടത്തിലൂടെ പണം തിരികെ കിട്ടാനുള്ള സാദ്ധ്യതകൾ ഈ കേസിൽ കുറവാണ്. കാരണം ഇത്തരം നിക്ഷേപ പദ്ധതികൾ നിയമാനുസൃതമല്ല .
സ്ഥാപനത്തിന് കോടിക്കണക്കിന് രൂപ പിരിഞ്ഞു കിട്ടാനുണ്ടെന്നാണ് നായർ അറസ്റ്റിലാകുന്നതിന് മുൻപ് തന്നെ അവകാശപ്പെട്ടിരുന്നത്. കുടിശ്ശിക പിരിച്ചെടുക്കാനുള്ള സാവകാശം വേണമെന്നായിരുന്നു നിക്ഷേപകരോട് അന്നെല്ലാം വി ജി നായർ നിരന്തരം ആവശ്യപ്പെട്ടിരുന്നത്. എവിടെയും ഒളിച്ചോടാതെ കുടുംബ സമേതം ഈ പ്രതിസന്ധിയെ നേരിടുകയായിരുന്നു വയോധികനായ വ്യവസായി.
സ്ഥാപനത്തിന് കിട്ടാനുള്ള പണം പിരിച്ചെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കി സാധാരണക്കാരുടെ പണം തിരികെ കൊടുക്കണമെന്ന ആഗ്രഹമായിരുന്നു അറസ്റ്റിലാകുന്ന നിമിഷം വരെ വി ജി നായർ പങ്ക് വച്ചിരുന്നത്. ചിട്ടി വിളിച്ചെടുത്തവരും ലോൺ എടുത്തവരുമായി സ്ഥാപനത്തിന് ലഭിക്കാനുള്ളത് വലിയ കുടിശ്ശിയാണ്. ഈ പണം തിരികെ കിട്ടണമെങ്കിൽ വി ജി നായർ ജയിലിൽ കിടന്നത് കൊണ്ട് പ്രയോജനമില്ലെന്നാണ് സ്ഥാപനവുമായി അടുത്ത ബന്ധമുള്ളവരെല്ലാം പറയുന്നത്. നായരെ വീട്ടു തടങ്കലിൽ താമസിപ്പിച്ച് ബന്ധപ്പെട്ട ജീവനക്കാരോടൊപ്പം ജോലി ചെയ്യാൻ അനുവദിച്ചാൽ കുറെ പണമെങ്കിലും തിരിച്ചെടുക്കാൻ കഴിഞ്ഞാൽ പണം നഷ്ടപ്പെട്ട നിരവധി സാധാരണക്കാരായ നിക്ഷേപകർക്ക് വലിയ ആശ്വാസമായിരിക്കുമെന്നാണ് ഇവർ പറയുന്നത്.
നാലു പതിറ്റാണ്ടിലധികമായി മുംബൈയിലെ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന വി ജി നായർ വളരെ ചെറിയ രീതിയിൽ കച്ചവടം ചെയ്ത് ഉയർന്നു വന്ന വ്യക്തിയാണ്. അത് കൊണ്ട് വിജിഎൻ ഗ്രൂപ്പിന് സംഭവിച്ച വീഴ്ചയെ സാമ്പത്തിക തട്ടിപ്പായി കാണാനാകില്ലെന്ന പക്ഷക്കാരാണ് ഭൂരിഭാഗവും.